മുല്ലപ്പെരിയാറിൽ പുതിയ ഡാം പാടില്ല എന്ന് സുപ്രീകോടതി പറയാൻ കാരണമെന്ത്?

0
343

– അഡ്വ. മാത്യൂസ്. ജെ. നെടുമ്പാറ
9820535428
06.08.2022

1. മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം എന്താണ്? ഞാൻ ആ ചോദ്യം ചോദിച്ച എല്ലാവർക്കും ഒറ്റ മറുപടിയെ പറയാനുള്ളൂ, പുതിയ ഡാം പണിയണം. അതിനുള്ള തടസ്സം എന്താണ്? ഞാൻ ചോദിച്ച ആർക്കും തന്നെ അതിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ചിലർ പറഞ്ഞു സർക്കാരിൻ്റെ കയ്യിൽ പണമില്ല, മറ്റു ചിലർ പറഞ്ഞു പുതിയ ഡാം പണിയുമ്പോൾ നിലവിലുള്ള ഡാമിന് കേടുപാടുകൾ സംഭവിക്കാം, വേറെ ചിലർ എന്തോ നിയമപ്രശ്നം ഉണ്ടാവാം എന്നും പറഞ്ഞു. പക്ഷേ ആർക്കുമറിയില്ല എന്താണ് ആ നിയമ തടസ്സം എന്ന്.

2. മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിനുള്ള ഏക തടസ്സം 2014ലെ അഞ്ചംഗ സുപ്രീം കോടതി വിധിയാണ്. ആ വിധിയിൽ പറയുന്നു, 2006 ലെ മൂന്നംഗ ബെഞ്ചിൻ്റെ വിധി കേരള-തമിഴ്നാട് സർക്കാറുകൾക്ക് res judicata ആണ് എന്ന്. res judicata എന്ന റോമൻ നിയമ സങ്കൽപ്പത്തിന്റെ അർത്ഥം ഒരു തർക്ക വിഷയത്തിൽ കോടതി ഒരു തീരുമാനമെടുത്താൽ ആ തീരുമാനം അന്തിമമാണ്, authoritative ആണ്, binding ആണ് എന്നതാണ്. എന്നുവെച്ചാൽ, ശരിയാണെങ്കിലും തെറ്റാണെങ്കിലും ശരിയാണ് എന്ന്. ഒരു വിധി res judicata ആവണമെങ്കിൽ ചുരുങ്ങിയപക്ഷം നാല് ഘടകങ്ങൾ പാലിക്കപ്പെടണം. ഒന്ന്, കോടതിക്ക് തർക്ക വിഷയത്തിൽ അധികാരം ഉണ്ടായിരിക്കണം. രണ്ട്, മുൻപ് തീരുമാനിച്ച കേസിൽ തർക്ക വിഷയവും (cause of action) പിന്നീട് ഉണ്ടായ കേസിലെ തർക്കവിഷയവും ഒന്നായിരിക്കണം. മൂന്ന്, cause of action ൽ merit ൻ്റെ അടിസ്ഥാനത്തിൽ തീരുമാനമുണ്ടാവണം. നാല്, നേരത്തെ വിധി പ്രഖ്യാപിച്ച കേസിലേയും പുതിയ കേസിലെയും കക്ഷികൾ ഒന്നായിരിക്കണം.

3. 2006 ലെ (Mullapperiyar Environmental Protection Forum) കേസിലെ മൂന്നംഗ ബെഞ്ചിൻ്റെ വിധി 2014 ലെ State of Tamilnadu V. State of Kerala കേസിന് res judicata ആയി ബാധകമല്ല. കാരണം Cause of action ഒന്നല്ല, കക്ഷികൾ ഒന്നല്ല, ഡാമിൻൻ്റെ സേഫ്റ്റി കോടതിക്ക് തീരുമാനിക്കാവുന്ന വിഷയവുമല്ല. പക്ഷേ 2014 ൽ സുപ്രീം കോടതി അഞ്ചംഗ ബഞ്ച് സാമാന്യ ബുദ്ധിക്കും നിയമത്തിനും തീർത്തും നിരക്കാത്ത രീതിയിൽ 2006ലെ വിധി res judicata ആണ് എന്ന് വിധിച്ചു. 2006 മൂന്നംഗ ബെഞ്ച് ഡാം സുരക്ഷിതമാണ് എന്ന് വിധിച്ചിരുന്നു. ആ വിധി ഫൈനൽ ആണ്, res judicata ആണ്. ആയതുകൊണ്ട് ഡാമിൻറെ സുരക്ഷിതത്തെപ്പറ്റി മേലാൽ തർക്കം ഉന്നയിക്കാൻ കേരളത്തിന് അവകാശം ഇല്ലെന്നും 2006 ലെ വിധി അസ്ഥിരപ്പെടുത്താൻ കേരളം കൊണ്ടുവന്ന നിയമനിർമ്മാണം അസാധുവാണെന്നും അഞ്ചംഗ ബെഞ്ച് വിധിച്ചു. 2006 ലെ ഡാം സുരക്ഷിതമാണ് എന്ന കോടതി വിധി res judicata ആയത്കൊണ്ട് കേരളത്തിന് പുതിയ ഡാം പണിയാൻ അവകാശമില്ല എന്നും വിധിച്ചു. ഇതിൽ പരം ഒരു അബദ്ധം നമൂക്ക് സങ്കല്പിക്കാൻ കഴിയുമോ?

4. Res judicata എന്ന നിയമ സങ്കല്പം ഒരു പബ്ലിക് പോളിസിയെ ആസ്പദമാക്കിയുള്ളതാണ്. ഒരിക്കൽ കോടതിയിൽ തീരുമാനിക്കപ്പെട്ട വിഷയത്തെപ്പറ്റി ആ കേസിലെ കക്ഷികൾ തമ്മിൽ വീണ്ടും വീണ്ടും വ്യവഹാരത്തിൽ ഏർപ്പെടാൻ അനുവദിക്കുന്നത് പൊതുനന്മക്കും വ്യക്തികളുടെ നന്മക്കും നല്ലതല്ല എന്നതാണ് res judicata യുടെ തത്വം. Res judicata യും ഡാം സേഫ്റ്റിയും തമ്മിൽ ഒരു ബന്ധവുമില്ല. ഡാം സേഫ്റ്റി എന്ന cause of action ന് ഒരു ഫൈനാലിറ്റിയും കൽപ്പിക്കാൻ നിയമപരമായി കഴിയില്ല. കാരണം ഡാം എന്നത് static object അല്ല. ഒരു നേരിയ ഭൂമികുലുക്കം പോലും മതി ഡാമിൻറെ സേഫ്റ്റിയെ ബാധിക്കാൻ. 2006ലെ സ്ഥിതിയല്ല 2022ൽ, 2006 ലെ cause of action നും അല്ല 2022 ൽ.

5. നമ്മെയെല്ലാവരെയും വേദനിപ്പിക്കുന്ന സത്യം ഇത്രയും അബദ്ധമായ ഒരു വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടായി എന്നതാണ്. ആരെയും കുറ്റം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ വലിയ തെറ്റ് ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ അത് അതിൻ്റെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാനും അടിയന്തരമായി ചെയ്യേണ്ട corrective steps എടുക്കാനും അതിനു ബാധ്യതപ്പെട്ടവർ തയ്യാറായില്ല എന്നത് ദുഃഖകരമായ സത്യമാണ്.

6. ഡാമിൻ്റെ safety യെ പറ്റിയും മറ്റും ആധികാരികമായി പറയാനുള്ള സാങ്കേതികമായ അറിവ് എനിക്കില്ല. പക്ഷേ ഒരു അഭിഭാഷകൻ എന്ന നിലയിൽ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ ഇടയായതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് കേരളം ചിന്തിക്കാൻ പോലും കഴിയാത്ത ഒരു വലിയ അപകടസന്ധിയിലാണ് എന്നതാണ്. മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഉണ്ടാകുന്ന അവസ്ഥയെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കൂ. ഡാം തകർന്നാൽ വെള്ളം നേരെ പടിഞ്ഞാറോട്ട് ഒഴുകി പശ്ചിമഘട്ട മലനിരപ്പിൽ നിന്നും രണ്ടായിരത്തിലധികം അടി താഴ്ചയിലേക്ക്, കോട്ടയം ജില്ലയിലെ കീരിത്തോട് ഭാഗത്തേക്ക് കുത്തി വീഴാം. മറിച്ച്, 2006 ൽ സുപ്രീംകോടതി വിധിച്ചത് പ്രകാരം പ്രളയജലം പെരിയാറിൽ കൂടെ തന്നെ ഒഴുകി ഇടുക്കി ഡാമിൽ എത്തുന്നു എന്ന് കരുതുക, ഇടുക്കി ഡാം എങ്ങാനും തകർന്നാലുള്ള അവസ്ഥ ആലോചിക്കുക. എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകൾ പൂർണ്ണമായും തുടച്ചുനീക്കപ്പെടും കൊച്ചി ഇല്ലാതാകും. ഈ മഹാ അപകടങ്ങൾക്ക് എല്ലാം കാരണം 2014ലെ പുതിയ ഡാം പണിയാൻ പാടില്ല എന്ന് സുപ്രീംകോടതി വിധിയാണ് എന്ന് ചിന്തിക്കുമ്പോൾ ഒരു അഭിഭാഷകൻ എന്ന നിലയിൽ ഞാൻ ലജ്ജിക്കുന്നു.

7. മുല്ലപ്പെരിയാർ ഡാമിന് ഒന്നും സംഭവിക്കില്ല എന്നതാണ് എൻ്റെ പ്രാർത്ഥനയും വിശ്വാസവും ഡാം 200 വർഷം കൂടി ഒരു കേടുപാടും ഇല്ലാതെ ഇനിയും നിലനിൽക്കുമെന്ന് ജസ്റ്റിസ് കെ. ടി. തോമസ് ഒരു ഇൻറർവ്യൂവിൽ പറയുന്നത് ഞാൻ കേൾക്കാനിടയായി. എൻ്റെ എളിയ ചോദ്യം ഇതാണ്, ഡാമിൻ്റെ തൊട്ട് താഴെ വണ്ടിപ്പെരിയാറിലും മറ്റും താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഭീതിയിലാണ് ജീവിക്കുന്നത്. ഈ പാവപ്പെട്ട ജനങ്ങളെ ഇങ്ങനെ ഭീതിയിൽ ജീവിക്കാൻ അനുവദിക്കുന്നത് ശരിയാണോ? ഡാമിൻ്റെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്ക നിലനിൽക്കുന്നത് കൊണ്ട് തന്നെ ആ ആശങ്ക പരിഹരിക്കാൻ നമുക്ക് മുന്നിലുള്ള ഏകമാർഗ്ഗം പുതിയ ഡാം പണിയുക എന്നതാണ്. നമ്മുടെ അഭിഭാഷകരുടെയും ജഡ്ജിമാരുടെയും ഭാഗത്ത് നിന്നും വലിയ തെറ്റ് സംഭവിച്ചു. എന്നാൽ തെറ്റ് മനപ്പൂർവമല്ല, തെറ്റ് മനസ്സിലാക്കി 2014ലെ വിധി സ്വയം തിരുത്തിയെഴുതാൻ കോടതി തയ്യാറാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

8. PIL ഫയൽ ചെയ്ത് അനാവശ്യമായി കോടതിയുടെ ഇടപെടലുകൾ വലിച്ചു വരുത്തില്ലായിരുന്നെങ്കിൽ കേരള സർക്കാർ ജനക്ഷേമം മുന്നിൽകണ്ട് മുല്ലപ്പെരിയാർ ഡാം ഇതിനോടകം പണി പൂർത്തിയാക്കിയേനെ. കോടതി നിയോഗിച്ചിട്ടുള്ള കമ്മിറ്റികൾ ഒന്നിനും ഒരു പരിഹാരം ആകുന്നില്ല. ഭരണഘടനാപരമായ കാര്യങ്ങളിൽ കോടതികൾ ഇടപെടുന്നത് നമ്മൾ നേരിടുന്ന വലിയ ഭീഷണിയാണ്. Judgeocracy ജനാധിപത്യത്തിന് തന്നെ വലിയ ഭീഷണിയായി കഴിഞ്ഞു. കഷ്ട്ടം തന്നെ…

SHARE THIS :