മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നത് കോടതിയലക്ഷ്യമോ!! -അഡ്വ. മാത്യൂസ് ജെ. നെടുമ്പാറ

0
485

1. മുല്ലപ്പെരിയാർ ഡാമിൻ്റെ പണി പൂർത്തീകരിക്കപ്പെട്ടിട്ട് 122 വർഷം കഴിഞ്ഞു. ഡാമിൻ്റെ കാലാവധി വെറും 50 വർഷം മാത്രം. എഴുപതുകളിൽ ഡാമിൽ വലിയ ചോർച്ച ശ്രദ്ധയിൽപ്പെട്ടു. പുതിയ ഡാം പണിയുക, അതുവരെ അടിയന്തരമായുള്ള അറ്റകുറ്റപ്പണികൾ നടത്തുക, ഡാമിലെ ജലനിരപ്പ് അടിയന്തരമായി കുറക്കുക, ഇതായിരുന്നു പ്രതിവിധി.

2. തമിഴ്നാടിന് എത്രതന്നെ വെള്ളം വിട്ടുകൊടുക്കുന്നതിനോ, തമിഴ്നാട് മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനോ കേരള സർക്കാർ ഒരു എതിർപ്പും കാണിച്ചില്ല.

3. യഥാർത്ഥത്തിൽ കേരളവും തമിഴ്നാടും തമ്മിൽ ഒരു തർക്ക വിഷയവുമില്ല. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമായി നിലനിൽക്കേണ്ടത് തമിഴ്നാടിൻ്റെ ആവശ്യമാണ്.

4. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നത് കൊണ്ട് തമിഴ്നാടിന് ഒരു നഷ്ടവുമില്ല. കേരളം സ്വന്തം ചിലവിൽ ഡാം നിർമ്മിക്കാൻ തയ്യാറാണ്. 122 വർഷം കഴിഞ്ഞ മുല്ലപ്പെരിയാർ ഡാം ലോകത്തിലെതന്നെ ഏറ്റവും അപകടകാരിയായ 10 ഡാമുകളിൽ ഒന്നാണ്. ഡാം ഏതുനിമിഷവും തകരാം. തകരില്ല എന്ന് ആർക്കും പറയാൻ കഴിയില്ല. തകർന്നാൽ ഡാമിലെ വെള്ളം നേരെ പടിഞ്ഞാറോട്ടൊഴുകി പശ്ചിമഘട്ടത്തിൻ്റെ മലമുകളിൽ നിന്ന് കോട്ടയം ജില്ലയിലെ കീരിത്തോട് ഭാഗത്തേക്ക് 2200 അടി ഉയരത്തിൽ നിന്ന് 600 അടി താഴേക്ക് കുത്തി വീഴും. നയാഗ്ര വെള്ളച്ചാട്ടത്തിൻ്റെ പത്ത് മടങ്ങ് ഉയരമുണ്ടാകും ആ വെള്ളച്ചാട്ടത്തിന്.

5. 1979-ൽ ഡാമിൽ വലിയ ചോർച്ച ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നമ്മൾ പുതിയ ഡാം പണിയാൻ നടപടിയെടുക്കേണ്ടത് ആയിരുന്നു. അങ്ങനെയെങ്കിൽ 1990 നകം പുതിയ ഡാം നിലവിൽ വന്നേനെ. പക്ഷേ 2022 ലും പുതിയ ഡാമിനെപറ്റിയുള്ള യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. മറിച്ച് പുതിയ ഡാമെന്ന കേരളത്തിൻ്റെ ആവശ്യം കോടതിയലക്ഷ്യം ആകുമെന്നാണ് തമിഴ്നാടിനെ നിലപാട്. കാര്യങ്ങൾ എങ്ങനെ ഇത്രയും വിചിത്രമായ സ്ഥിതിയിൽ എത്തി?

6. സർവ്വരോഗ സംഹാരിയായ PIL ആണ് സ്ഥിതി ഇന്നത്തെ രീതിയിൽ എത്തിച്ചത്. സർക്കാരുകൾ തമ്മിൽ ചർച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയം 2000-മാണ്ടിൽ PIL മുഖേന സുപ്രീംകോടതിയിലെത്തി. കോടതി 2006 ൽ ഡാം സുരക്ഷിതമാണ് എന്ന് വിധിയെഴുതി. ഇനി ഡാം തകർന്നാൽ തന്നെ ഡാമിലെ വെള്ളം മുല്ലപ്പെരിയാർ നദിയിൽ കൂടി തന്നെ ഒഴുകി ഇടുക്കിയിൽ എത്തുമെന്നും ഇടുക്കി ഡാമിന് പ്രളയജലം മുഴുവൻ ഉൾക്കൊള്ളുവാൻ കഴിയുമെന്നും വിധിയെഴുതി. കോടതി പക്ഷേ മുല്ലപ്പെരിയാർ ഡാമിൻ്റെ അടിവാരത്തിൽ താമസിക്കുന്ന ഒരു ലക്ഷത്തിൽപരം പാവങ്ങളുടെ ജീവന് എന്ത് സംഭവിക്കും എന്ന് ചിന്തിച്ചില്ല.

7. കേരള ഗവൺമെൻ്റ് സുപ്രീം കോടതി വിധി മറികടക്കാൻ നിയമ നിർമ്മാണം നടത്തി. 2014 ലെ 5 അംഗ ബെഞ്ച് ഡാമിലെ ജലനിരപ്പ് 136 അടി നിശ്ചയിച്ചുകൊണ്ടുള്ള നിയമം അസാധുവാക്കി. കേരളത്തിന് പുതിയ ഡാം നിർമ്മിക്കാൻ അവകാശമില്ല എന്നും വിധിച്ചു. കാരണം 2006-ൽ മൂന്നംഗ ബെഞ്ച് ഡാം സുരക്ഷിതമാണെന്ന് വിധിച്ചിരുന്നു. ആ വിധി res judicata ആണ്; binding ആണ്.

8. Res judicata ആണ് യഥാർത്ഥ വില്ലൻ. സുപ്രീംകോടതി res judicata എന്ന നിയമ തത്വത്തിൻ്റെ യഥാർത്ഥ അർത്ഥം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു. അതിൻറെ പ്രത്യാഘാതം എന്താണ്. മുല്ലപ്പെരിയാറിൽ ഒരുകാലത്തും പുതിയ ഡാം പണിയാൻ പാടില്ല. കോടതി 2006-ൽ ഡാം സുരക്ഷിതമാണെന്ന് വിധിച്ചതുകൊണ്ട് ലോകാവസാനംവരെ ഡാം സുരക്ഷിതമായിരിക്കും. പുതിയ ഡാമിനെ പറ്റി പറയുന്നത് പോലും കോടതിയലക്ഷ്യമാണെന്നാണ് തമിഴ്നാടിൻ്റെ നിലപാട്.

9. Res judicata എന്ന വില്ലൻ ഒന്നു കാരണം ശബരിമല കലുഷിതമായി. മരടിലെ ഒന്നാന്തരം പാർപ്പിട സമുച്ചയങ്ങൾ തകർക്കപ്പെട്ടു. ഒരു നൂറ്റാണ്ടിലധികമായി സുറിയാനി ക്രിസ്ത്യാനികൾ രണ്ടു ചേരിതിരിഞ്ഞ് കലഹിക്കുന്നു. യാക്കോബായകാരൻ്റെ ശവശരീരം അടക്കാൻപോലും ഓർത്തഡോക്സുകാർ സമ്മതിക്കില്ല എന്ന് നിലയായി.

10. എന്താണ് res judicata? Cause of action estoppel ആണ് res judicata. നമ്മുടെ നിയമവ്യവസ്ഥയുടെ അടിസ്ഥാനശിലയാണിത്. പക്ഷേ വലിയ പണ്ഡിതന്മാരെന്ന് നമ്മൾ കരുതുന്ന പലർക്കും ഇതിൻ്റെ ശരിയായ അർത്ഥം അറിഞ്ഞുകൂടാ. ഇതാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന ഘടകം. Res judicata ഒരു ലീഗൽ സങ്കല്പമാണ്. കോടതി A യും B യും തമ്മിൽ ഒരു തർക്ക വിഷയത്തിൽ രണ്ടുപേരെയും കേട്ടശേഷം ഒരു വിധി പറഞ്ഞാൽ ആ വിധി A ക്കും B ക്കും ബാധകമാണ്. തെറ്റാണെങ്കിലും ആ വിധി ശരിയാണ്. കോടതി കറുപ്പ് വെളുപ്പ് ആണെന്ന് വിധിച്ചാൽ കറുപ്പ് വെളുപ്പാകും. നിയമത്തിൽ അപ്പീലിന് പ്രൊവിഷൻ ഉണ്ടെങ്കിൽ അപ്പീൽ പോകാം. അപ്പീൽ കോടതി കറുപ്പ് വെളുപ്പാണ് എന്ന് പറഞ്ഞാൽ പിന്നെ അതിന്മേൽ മേലാൽ തർക്കം പാടില്ല. അതിനുകാരണം വ്യവഹാരങ്ങൾക്ക് ഒരു അന്ത്യം വേണം. അത് പൊതുതാല്പര്യമാണ്. അതുപോലെ ഒരു കേസിലെ കക്ഷികൾ തമ്മിൽ കോടതി ഒരിക്കൽ അന്തിമമായി തീരുമാനിച്ച ഒരു വിഷയത്തെപ്പറ്റി വീണ്ടും വീണ്ടും വ്യവഹാരം പാടില്ല. കേസിൽ ജയിച്ച ആളിന് ആ വിധിയുടെ യുടെ ഫലം കിട്ടണം. Private interest സംരക്ഷിക്കാൻ അത് ആവശ്യമാണ്.

11. res judicata എന്ന ലീഗൽ fiction അപകടകാരിയാണ്. ഒരു നിരപരാധിയെ കോടതി അപരാധി ആണെന്ന് കണ്ടു തൂക്കിക്കൊല്ലാൻ വിധിച്ചാൽ ആ വിധി നടപ്പാക്കപ്പെടണം. Res judicata എന്ന legal principle ൻ്റെ ശരിയായ അർത്ഥം സുപ്രീംകോടതി മനസ്സിലാക്കിയില്ല എന്നതാണ് മുല്ലപ്പെരിയാർ കേസിലെ വലിയ ദുരന്തം.

12. 2000- ആണ്ടിൽ ഡാം സുരക്ഷിതമല്ല എന്നും ഉടൻ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യപ്പെട്ടു. ഡാം സുരക്ഷിതമാണെന്ന് 2006 ൽ കോടതി വിധിയെഴുതി. കേരള സർക്കാർ ഉടൻ തന്നെ നിയമനിർമാണത്തിലൂടെ വിധി അസാധുവാക്കി. കേരളത്തിൻ്റെ നിയമം തമിഴ്നാട് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് 2014 ൽ കേരളം ജലനിരപ്പ് 136 അടി നിശ്ചയിച്ച നിയമ ഭേദഗതി അസാധുവാക്കി.

13. കോടതി പുതിയ ഡാം എന്ന കേരളത്തിൻ്റെ ആവശ്യം നിരാകരിച്ചു. കോടതി പറഞ്ഞ കാരണം ഇതാണ്; 2006- ൽ മൂന്നംഗ ബെഞ്ച് ഡാം സുരക്ഷിതമാണെന്ന് വിധിച്ചിരുന്നു. ആ വിധി res judicata ആണ്. കോടതി അതിൻ്റേ വിധിയുടെ ആഘാതത്തെ പറ്റി ചിന്തിച്ചില്ല. കാരണം, ഡാം ഒരു static object അല്ല. ചെറിയ ഒരു ഭൂചലനം മതി സ്ഥിതി ആകെ മാറ്റിമറിക്കാൻ. 2006- ലെയും 2014 ലെയും കാലാവസ്ഥ അല്ല ഇന്ന്. 2006 ൽ ഡാം സുരക്ഷിതമായതുകൊണ്ട് 2014ലും 2022ലും ഡാം സുരക്ഷിതമാണ് എന്നില്ല. Cause of action estoppel ആണ് res judicata. ഡാം സുരക്ഷ എന്ന cause of action 2006 ലും 2014 ലും ഒന്നല്ല.

14. Res judicata എന്ന legal fiction ബാധകമാണെങ്കിൽ ചുരുങ്ങിയപക്ഷം താഴെപ്പറയുന്ന conditions നിലവിൽ ഉണ്ടാകണം;

a) cause of action ഒന്നായിരിക്കണം.
b) കേസിലെ കക്ഷികൾ ഒന്നായിരിക്കണം.
c) തർക്ക വിഷയത്തിൽ രണ്ടു ഭാഗക്കാരെയും കോടതി കേട്ടിരിക്കണം.
d) തർക്കവിഷയം തെളിവുകളുടെ അടിസ്ഥാനത്തിൽ അന്തിമമായി തീരുമാനിച്ചിരിക്കണം.
e) കോടതിക്ക് തർക്കവിഷയത്തിന്മേൽ അധികാരം ഉണ്ടായിരിക്കണം.

15. ഡാമിൻ്റെ safety കോടതിക്ക് അന്തിമമായി തീരുമാനിക്കാവുന്ന ഒരു തർക്കവിഷയം അല്ല. മറിച്ച് ഭരണപരമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചർച്ചചെയ്തു തീരുമാനിക്കേണ്ട ഒരു വിഷയമാണ്. 2000ലെ PIL ലെ കോടതി ഇടപെടലാണ് കാര്യങ്ങൾ ഇന്നത്തെ അപകടകരമായ അവസ്ഥയിൽ എത്തിച്ചത്.

16. എത്ര ഭയാനകമാണ് 2014-ലെ അഞ്ചംഗ ബെഞ്ച് വിധി വരുത്തിവെച്ച അവസ്ഥ. മുല്ലപ്പെരിയാർ ഡാം എന്ന് വേണമെങ്കിലും തകരാം. ഇല്ല എന്ന് ഉറപ്പിച്ചു പറയുവാൻ ആർക്കും കഴിയില്ല. ഡാം തകർന്നു വെള്ളം നേരെ പടിഞ്ഞാറോട്ടൊഴുകി പശ്ചിമഘട്ടത്തിലെ മലമുകളിൽ നിന്നും 2200 ൽ അധികം അടി താഴോട്ടു കുത്തി ഒഴുകും. അതിൻറെ ആഘാതം നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. മറിച്ച് 2006ലെ സുപ്രീംകോടതി വിധിയിൽ പറയുന്നതുപോലെ പ്രളയജലം പെരിയാറിലൂടെ തന്നെ ഒഴുകി ഇടുക്കി ഡാമിലെത്തുന്നു എന്ന് കരുതുക. 2006 ലെ പോലെ ഇടുക്കി ഡാം പകുതി ശൂന്യമായിരിക്കുന്നതല്ല ഇന്നത്തെ അവസ്ഥ. 2018 ലും 2021 ലും ഇടുക്കി ഡാമിൻ്റെ shutter കൾ തുറക്കേണ്ടി വന്നു. ഇടുക്കി ഡാം തകരില്ലായിരിക്കാം. പക്ഷേ ചെറുതോണി അല്ലെങ്കിൽ കുളമാവ് ഡാമുകൾ തകർന്നാലുള്ള അവസ്ഥ എന്താവും, കോടതി അതിനെപ്പറ്റി ചിന്തിച്ചതേയില്ല.

17. കോടതി ഉത്തരവിൽ പറയുന്ന പ്രകാരം പ്രളയജലം പെരിയാറിൽ കൂടിത്തന്നെ ഒഴുകി ഇടുക്കി ഡാമിൽ എത്തുന്നു എന്ന് കരുതുക. നദിയുടെ ഇരുകരയിലും ആയി ജീവിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന സാധാരണക്കാരുടെ ജീവന് ഒരു വിലയുമില്ലേ? കോടതി അക്കാര്യം ചിന്തിച്ചതേയില്ല.

18. Res judicata എന്ന legal fiction മനസ്സിലാക്കുന്നതിൽ സുപ്രീംകോടതിക്ക് വന്ന വലിയ പിഴവാണ് മുല്ലപ്പെരിയാരിൻ്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെങ്കിൽ res judicata/constructive res judicata എന്ന തത്വം സുപ്രീംകോടതി ശരിയായി ഗ്രഹിക്കാതെ ഇരുന്നതാണ് പള്ളി കേസിൻ്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം.

19. എന്താണ് പള്ളി കേസ്?
1912 ൽ മലങ്കര സുറിയാനി സഭയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായി. മലങ്കര മെത്രാപ്പോലീത്തൻ്റെ നേതൃത്വത്തിൽ അന്തിയോക്യയിലെ പാത്രിയാർക്കീസിൻ്റെ അപ്രമാദിത്യം ചോദ്യം ചെയ്തുകൊണ്ട് ഒരു Catholicate കേരളത്തിൽ രൂപം കൊണ്ടു. തുടർന്ന് രണ്ട് വിഭാഗക്കാരും British ട്രഷറിയിൽ മലങ്കര അസോസിയേഷൻ പേരിൽ deposit ലു 10000 രൂപ (വട്ടിപ്പണം) യുടെയും അതിന്റെ പലിശയുടെയും മേൽ അവകാശം ഉന്നയിച്ചു. Secretary of State for India രണ്ട് ഭാഗക്കാരെയും കക്ഷി ചേർത്തുകൊണ്ട് കോടതിയിൽ ഒരു interpleader suit ഫയൽ ചെയ്തു. കോടതി ഓർത്തഡോക്സുകാർക്ക് അനുകൂലമായി കേസ് വിധിച്ചു. ആ വിധി തെറ്റാണെങ്കിലും ശരിയാണെങ്കിലും Travancore court of final Appeal ൻ്റെ ആയതുകൊണ്ട് binding ആണ്, res judicata ആണ്. ആ വിഷയത്തിൻമേൽ മേലിൽ തർക്കം പാടില്ല. വട്ടിപ്പണം ഓർത്തഡോക്സ്കാർക്ക് തന്നെ. അക്കാര്യത്തിൽ ഇതിൽ രണ്ട് അഭിപ്രായത്തിന് സ്കോപ്പില്ല. അതാണ് res judicata.

20. വട്ടിപ്പണക്കേസിനെ തുടർന്ന് ഓർത്തഡോക്സ് വിഭാഗം 1064 ൽ പരം വരുന്ന പള്ളികളുടെ ആത്മീയവും ഭൗതികവുമായ ഭരണനിർവഹണത്തിനു വേണ്ടി ഒരു ഭരണഘടന 1934 ൽ ഉണ്ടാക്കി.

21. യാക്കോബായക്കാർ ആ ഭരണഘടന ചോദ്യം ചെയ്തു കോട്ടയം ജില്ലാ കോടതിയിൽ suit ഫയൽ ചെയ്തു. പക്ഷേ കേസിൽ (സമുദായ കേസിൽ) ഒരു പള്ളിയേയും കക്ഷിയാക്കിയില്ല. മലങ്കര സഭയിലെ എല്ലാ പള്ളികളും independent Trusts ആണ്. ഓരോ പള്ളിക്കും അതിൻ്റേതായ ഭരണഘടനയുണ്ട്, അല്ലെങ്കിൽ പാരമ്പര്യമുണ്ട്. അതിനനുസരിച്ച് വേണം ഓരോ പള്ളിയും ഭരണം നടത്തപ്പെടാൻ.

22. പക്ഷേ 1858 ല് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 1928 ലെ വട്ടിപ്പണം കേസിലെ വിധി സമുദായ കേസിന് res judicata ആയി ബാധകമാണമെന്ന് വിധിച്ചു. ഏറ്റവും വിചിത്രമായി എനിക്ക് തോന്നിയത് സുപ്രീംകോടതിയിൽ പാത്രിയാർക്കീസ് ഭാഗത്തിനു വേണ്ടി ഹാജരായ വലിയ വക്കീലന്മാർ വട്ടിപ്പണം കേസിലെ വിധി സമുദായ കേസിന് res judicata ആണ് എന്ന് concede ചെയ്തു. 1958 ലെ തെറ്റായ വിധി 1995 ലും,2017 ലും,2019 ലും repeat ചെയ്യപ്പെട്ടു. അതിനെതുടർന്ന് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിവിധി നടപ്പാക്കണമെന്നും അതിൻ പ്രകാരം സർക്കാർ യാക്കോബായക്കാരുടെ പള്ളികൾ ബലംപ്രയോഗിച്ച് കൈവശപ്പെടുത്തി ഓർത്തഡോക്സ്കാർക്ക് കൊടുക്കണം എന്ന് ആവശ്യപ്പെട്ട് റിട്ട് ഹർജികൾ ഫയൽ ചെയ്തു. കേരള ഹൈക്കോടതി ഹർജികൾ അനുവദിച്ച് പിറവം, കോതമംഗലം, മുളന്തുരുത്തി പള്ളികൾ പട്ടാളത്തെ വരെ വിളിച്ച് ഓർത്തഡോക്സ്കാർക്ക് പിടിച്ചു കൊടുക്കുവാൻ വിധിച്ചു.

23. പള്ളി കേസിൽ കോടതികൾക്ക് വന്ന തെറ്റ് res judicata/ constructive res judicata എന്നി നിയമ തത്ത്വങ്ങൾ ശരിയായി മനസ്സിലാക്കാൻ കഴിയാതെ പോയതാണ്.

24. വട്ടിപ്പണക്കേസിൻ്റെ വിധി സമുദായ കേസിൽ res judicata അല്ല. കാരണം രണ്ടു കേസിലെയും കക്ഷികൾ രണ്ടാണ്. Cause of action ഉം രണ്ടാണ്. വട്ടിപ്പണം കേസ് മലങ്കര അസോസിയേഷനിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ വട്ടിപ്പണത്തെ പറ്റിയുള്ള തർക്കമായിരുന്നു. എന്നാൽ സമുദായ കേസിലെ തർക്കവിഷയം 1064 പള്ളികളുടെ ഭരണം എങ്ങനെ നടത്തണമെന്നായിരുന്നു. ഓരോ പള്ളിയുടെയും തനതായ trust deed അനുസരിച്ചോ അതോ 1934 ഭരണഘടന അനുസരിച്ചോ. ഈ തർക്കം 1064 പള്ളികളെയും അതിൻറെ ട്രസ്റ്റി മാരെയും കക്ഷി ആക്കാതെ തീരുമാനിക്കാൻ കഴിയുമായിരുന്നില്ല. വട്ടിപ്പണക്കേസിൽ പള്ളികളുടെ ഭരണം തർക്കവിഷയമായിരുന്നില്ല. അതുകൊണ്ട് വട്ടിപ്പണക്കേസിലെ വിധി സമുദായ കേസിന് ഒരുവിധത്തിലും ബാധകമല്ല. Res judicata എന്ന നിയമ തത്വം യാതൊരു വിധത്തിലും ബാധകമല്ല. പക്ഷേ വട്ടിപ്പണക്കേസിലെ വിധി സമുദായക്കേസിൽ res judicata ആണ് എന്ന തെറ്റായ ധാരണയിൽ സമുദായ കേസ് ഓർത്തഡോക്സ് കാർക്ക് അനുകൂലമായി 1958 Supreme Court വിധിച്ചു. വിധി തീർത്തും തെറ്റാണ്, അന്യായമാണ്. അതുകൊണ്ട് ജനസമൂഹം അത് അംഗീകരിച്ചില്ല. കേസുകൾ തുടർന്നു.

25. 2017 ൽ സുപ്രീംകോടതി തെറ്റു വീണ്ടും ആവർത്തിച്ചു. ഇക്കുറി constructive res judicata എന്ന തത്വം സുപ്രീംകോടതി തീർത്തും തെറ്റായി ധരിച്ചു. 2017 ലെ KS Varghese കേസിൽ കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ പള്ളികൾ മാത്രമായിരുന്നു കക്ഷികൾ. പക്ഷേ കോടതി ഈ കേസിലെ വിധി കേസിൽ കക്ഷികൾ അല്ലാത്തവർക്കും ബാധകമാണ് എന്ന് വിധിച്ചു. കാരണം കേസ് representative suit ആണ്. കേസിലെ വിധി judgement in rem ആണ്. കോടതിക്ക് തെറ്റുപറ്റി. ഒരു representative suit ലെ വിധി judgement in rem ആകുന്നില്ല. Representative suit ആയത് കൊണ്ട് കേസിൽ നേരിട്ട് കക്ഷികൾ അല്ലാത്ത കോലഞ്ചേരി, വരിക്കോലി, മന്നത്തൂർ പള്ളികളിലെ ഇടവകക്കാർക്ക് KS Varghese ലെ വിധി constructive res judicata എന്ന നിലയിൽ ബാധകമാണ്. KS Varghese കേസിലെ വിധി ഒരുകാരണവശാലും കേസിൽ കക്ഷികൾ അല്ലാത്ത ബാക്കിയുള്ള 1061 പരം പള്ളികൾകേ ഇടവകക്കാർകേ ബാധകമല്ല. കാരണം, ഒരു കേസിലെ വിധി കേസിലെ കക്ഷികൾക്ക് മാത്രമേ ബാധിക്കുകയുള്ളൂ. Res judicata ആകണമെങ്കിൽ കേസിൽ കക്ഷി ആയിരിക്കണം. Res judicata എന്ന നിയമ തത്വം സുപ്രീംകോടതി മറന്നു. സുപ്രീംകോടതിയുടെ കോലഞ്ചേരിക്കാരുടെ കേസിലെ വിധി അനുസരിച്ച് മുളന്തുരുത്തി, പിറവം പള്ളി ഹൈക്കോടതി ബലംപ്രയോഗിച്ച് പിടിച്ചെടുത്ത് ഓർത്തഡോക്സ്കാർക്ക് കൊടുത്തു.

ശബരിമല കേസ്;

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം പാടുണ്ടോ ഇല്ലയോ എന്നത് ഒരു justiciable issue അല്ല. മറിച്ച് അത് ഒരു സാമൂഹിക പ്രശ്നമാണ്. രാഷ്ട്രീയവും നയപരവുമായ പ്രശ്നമാണ്. കോടതികൾക്ക് jurisdiction ഇല്ല. കാരണം, ശബരിമലയിലെ വിഷയം ഒരു വിശ്വാസത്തിൻ്റെ പ്രശ്നമാണ്. വിശ്വാസം സംബന്ധമായ തർക്കം തീരുമാനിക്കാൻ കോടതിക്ക് അധികാരമില്ല. കാരണം, കോടതിയുടെ ധർമ്മം തെളിവുകളുടെ അടിസ്ഥാനത്തിൽ സത്യം കണ്ടെത്തി തീരുമാനമെടുക്കുക എന്നതാണ്. വിശ്വാസം തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കേണ്ട വിഷയമല്ല. പലപ്പോഴും വിശ്വാസം ശാസ്ത്രത്തിനും തെളിവുകൾക്കും എതിരാണ്. വിശ്വാസസംബന്ധമായ തർക്കങ്ങൾ ജനാധിപത്യപരമായി തീരുമാനിക്കുകയാണ് വേണ്ടത്. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് വിലക്ക് വേണോ വേണ്ടയോ എന്നത് നിയമനിർമ്മാണസഭയാണ് തീരുമാനിക്കേണ്ടത്. കോടതി അല്ല. എല്ലാത്തിനും മൗലികാവകാശ ലംഘനം പരാതിപ്പെടുന്നതിൽ അർത്ഥമില്ല. ഒരു മൗലികാവകാശവും അബ്സല്യൂട്ട് അല്ല. ശബരിമലയിലെ വിലക്ക് എടുത്തുകളയണമെന്ന് ഭക്തകളായ സ്ത്രീകൾ ആവശ്യപ്പെടുന്ന ദിവസം അത് സംഭവിചേക്കാം. സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള PIL entertain ചെയ്യുകവഴി സുപ്രീംകോടതി വലിയ തെറ്റാണ് ചെയ്തത്. ആരും കോടതിയുടെ want of jurisdiction തർക്കമായി ഉന്നയിച്ചില്ല.

മരടിലെ ഫ്ളാറ്റുകൾ

മരടിലെ 350ഓളം ഫ്ലാറ്റുകൾ ഇടിച്ചുനിരത്തുക വഴി സുപ്രീംകോടതി വലിയ അന്യായമാണ് ചെയ്തത്. കാരണം അങ്ങനെ ഒരു ഉത്തരവ് പാസാക്കാൻ കോടതിക്ക് അധികാരമുണ്ടായിരുന്നില്ല. മരടിലെ ഫ്ളാറ്റുകൾ നിയമവിരുദ്ധമായിട്ടാണ് നിർമ്മിക്കപ്പെട്ടതെങ്കിൽ നടപടിയെടുക്കേണ്ടത് നഗരസഭയാണ്. നഗരസഭ ഫ്ലാറ്റുകൾ demolition ചെയ്യാൻ ഉത്തരവിട്ടാൽ അതിന്മേൽ ഫ്ലാറ്റുടമകൾക്ക് Panchayati Raj Tribunal ൽ അപ്പീൽ ഫയൽ ചെയ്യാൻ അവകാശമുണ്ട്. അതുപോലെ സർക്കാറിലേക്ക് regularisation ന് അപേക്ഷിക്കുകയും ചെയ്യാം. സർക്കാർ ആ ആവശ്യം തള്ളിയാൽ ട്രിബ്യൂണലിൽ പോകാം.
മുൻസിപ്പാലിറ്റി ഒരു ഷോക്കോസ് നോട്ടീസ് issue ചെയ്തിരിക്കുന്നു അത് builders കേരള ഹൈകോടതിയിൽ ചോദ്യംചെയ്തു. ഹൈക്കോടതി Single Bench ആ ഹർജി അനുവദിച്ചു. മുനിസിപ്പാലിറ്റിയുടെ അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളി. അതിനെതിരെ Coastal Zone Management Authority സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു. സുപ്രീം കോടതി ആ അപ്പീൽ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് റദ്ദാക്കാം. അതിൽ കൂടുതൽ ഒന്നും ചെയ്യുവാൻ നിയമം അനുവദിക്കുന്നില്ല. പക്ഷേ, സുപ്രീംകോടതി കേരള മുനിസിപ്പാലിറ്റീസ് ആക്ടിന് വിരുദ്ധമായി സ്വന്തമായി ഒരു committee ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിൽ 5 appartment കൾ ഇടിച്ചുനിരത്താൻ ഉത്തരവായി. സുപ്രീം കോടതിയോ, സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയോ ഒരു ഫ്ലാറ്റ് ഉടമക്ക് പോലും നോട്ടീസ് അയക്കുകയോ അവരെ കേൾക്കുകയോ ചെയ്തില്ല. സ്വാഭാവിക നീതി ലംഘിക്കപ്പെട്ട കേസുകൾ മാനവചരിത്രത്തിൽ ഉണ്ടോ എന്ന് എനിക്ക് സംശയമാണ്.
കോടതികളെയും ന്യായാധിപന്മാരെയും നമ്മൾ അങ്ങേയറ്റം ബഹുമാനിക്കാൻ ബാധ്യസ്ഥരാണ്. കാരണം, നമ്മുടെ അവകാശ സംരക്ഷണത്തിൻ്റെ കാവൽമാലാഖമാരാണവർ. കോടതികൾ നിയമത്തിന് അതീതമല്ല, infallible അല്ല. കോടതി വിധികളെ വിമർശനത്തിന് വിധേയമാക്കാൻ നമ്മൾ മലയാളികളും, വക്കീലന്മാരും മറന്നു. ആ നില മാറിയേ തീരൂ. ഒരു നിമിഷം മുല്ലപ്പെരിയാർ തകർന്നാലുള്ള അവസ്ഥയെപ്പറ്റി ഒന്നു ചിന്തിക്കൂ. അപ്പോൾ ഞാൻ പറയുന്ന കാര്യങ്ങളുടെ ഗൗരവം നിങ്ങൾക്ക് ബോധ്യമാകും.

SHARE THIS :